ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി ഹൈകോടതിയില്‍. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാള് നേരിട്ട് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹരജി കോടതി ജൂലൈ അഞ്ചിന് പരിഗണിക്കും. അന്വേഷണമെന്ന പേരില്‍ സി.ബി.ഐ തന്നെ ക്രൂരമായി ഉപദ്രവിക്കുകയാണെന്ന് കെജ്രിവാള് ഹരജിയില്‍ ആരോപിച്ചു.
കെജ്രിവാളിന്റെ കസ്റ്റഡി നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹരജി സമർപ്പിച്ച അഭിഭാഷകൻ രജത് ഭരദ്വാജ് പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജിയുടെ പ്രാധാന്യം കണക്കിലെടുത്ത് വ്യാഴാഴ്ച പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാല്‍, ഹരജി പരിശോധിക്കട്ടെയെന്നും അതുകഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി നിലപാടെടുക്കുകയായിരുന്നു.ജൂണ്‍ 23ന് സി.ബി.ഐ അരവിന്ദ് കെജ്രിവാളിനെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിനു പിന്നാലെ, സി.ബി.ഐ നല്കിയ കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.
ജൂണ്‍ 29ന് കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ, കോടതി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. ചൊവ്വാഴ്ച സി.ബി.ഐ അറസ്റ്റും മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാൻഡും ചോദ്യം ചെയ്ത് കെജ്രിവാള് സമർപ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് നീന ബൻസാല്‍ കൃഷ്ണ സി.ബി.ഐക്ക് നോട്ടീസ് നല്‍കിയിരുന്നു.