കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അയോഗ്യനാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച നിസാർ യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്‍റ് ആയും, കോൺഗ്രസ് വിമത സിസി ജയ്സൺ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇടതുപക്ഷവും വലതുപക്ഷവും ആറംഗങ്ങൾ വീതം തുല്യമായ ഭരണസമിതിയിൽ സിസി ജയ്സണുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് നിസാര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പ്രസിഡന്‍റിനുള്ള പിന്തുണ പിന്‍വലിച്ചു. തുടർന്ന് യുഡിഎഫ് വിപ്പ് ലംഘിച്ച്, ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നിസാർ പിന്തുണച്ചതോടെ സിസി ജെയ്സണ് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാവുകയും, ഇടതുപക്ഷത്തിന്റെ സീമ സിബി പ്രസിഡന്‍റാവുകയും ചെയ്തു.
കൂടാതെ നിസാര്‍ മുഹമ്മദ് വീണ്ടും വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതും, നിസാറിനെ അയോഗ്യനാക്കി കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തത്. എന്നാൽ സ്വതന്ത്രനായി മത്സരിച്ച തനിക്ക് യുഡിഎഫിന്റെ നിരുപാധികമുള്ള പിന്തുണ മാത്രമാണ് ലഭിച്ചതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും നിസാർ മുഹമ്മദ് മാധ്യമങ്ങളോട് അറിയിച്ചു.