തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് നാല് വർഷ ബിരുദ കോഴ്സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമൻസ് കോളജില്‍ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസത്തിന്റെ സ്വാഭാവിക തുടർച്ചയെന്ന നിലയിലാണ് ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നല്‍കുന്നത്. വൈജ്ഞാനിക മേഖലയിലെയും തൊഴില്‍ മേഖലകളിലെയും മാറ്റത്തിനനുസരിച്ച് അക്കാദമിക രീതികളും മാറണം. ഒരു ദശാബ്ദം മുൻപുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങള്‍ മാറിയതായി കാണാം.
ജ്ഞാനോല്‍പ്പാദനം നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയില്‍ അവ മാറി. ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് തുടങ്ങിയ പുതിയ വൈജ്ഞാനിക ശാഖകള്‍ വളരുവാൻ ആരംഭിച്ചു. ഇതുക്കൊണ്ടാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. ഉള്ളടക്കത്തിലും ഘടനയിലും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്താൻ സർക്കാർ തീരുമാനിച്ചു.
ഇതിന്റെ തുടർച്ചയെന്ന നിലയില്‍ കരിക്കുലം പരിഷ്ക്കരിക്കുകയും കാലാനുസൃത മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഒരു വർഷക്കാലം ഇൻഡസ്ട്രിയല്‍ ട്രയിനിംഗടക്കം നല്കാൻ കഴിയുന്ന രീതിയിലാണ് നാല് വർഷ ബിരുദ കോഴ്സുകള്‍ നടപ്പിലാക്കുന്നത്. സാമ്ബ്രദായിക പഠന രീതികളില്‍ നിന്നും പൂർണമായും മാറി ഗുണമേന്മ പഠനം എന്നതാണ് ലക്ഷ്യം.
നവീന അധ്യാപന രീതികളോടൊപ്പം സാമൂഹികവും സമ്ബത്തികവുമായ അർഹമായ പരിഗണന വിദ്യാർഥികള്‍ക്ക് ലഭിക്കും എന്നതും ഉറപ്പ് വരുത്തുന്നുണ്ട്. ഒറ്റ അച്ചില്‍ വാർത്തെടുത്തവർ എന്നതിനപ്പുറം വിദ്യാർഥികളുടെ വ്യത്യസ്തമായ ശേഷികളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരു അക്കാദമിക സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. തൊഴില്‍ രംഗത്തിനാവശ്യമായ നൈപുണ്യം ലഭിക്കുന്നതോടെ പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടു പോകാനുള്ള അവസരവും വിദ്യാർഥികള്‍ക്ക് ലഭിക്കും.
സാമൂഹിക പ്രതിബദ്ധത, പ്രകൃതി സൗഹൃദ നിലപാടുകള്‍, ജനാധിപത്യബോധം എന്നിവ നിലനിർത്തുന്ന മൂല്യാധിഷ്ഠിത കരിക്കുലം കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷ മാത്രം മുന്നില്‍ക്കണ്ടുള്ള വിദ്യാഭ്യാസ രീതി തെറ്റാണെന്നും വിദ്യാഭ്യാസത്തെ തുടർപ്രക്രിയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.