ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് ; ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി

ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് ; ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി
alternatetext

ബാര്‍ബഡോസ്: നൂറ്റി നാല്പത്തൊന്ന് കോടി ഇന്ത്യക്കാരുടെ പ്രാർത്ഥന സഫലം. പതിനേഴ് വർഷത്തിന് ശേഷം വീണ്ടും ട്വന്റി-20 ലോകകിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഐതിഹാസിക വിജയം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ കഴിഞ്ഞൂള്ളൂ. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും അർഷ്‌ദീപ് സിംഗും ജസ്‌പ്രീത് ബുമ്രയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

52 റണ്‍സ് നേടിയ ഹെൻറിച്ച്‌ ക്സാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്കോറർ. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ പന്ത് കൈയ്യിലൊതുക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ വിരാട് കൊ‌ഹ്‌ലിയുടെ ക്ലാസ് ഇന്നിംഗ്‌സാണ് കര കയറ്റിയത്. മൂന്നാംവിക്കറ്റില്‍ അക്സർ പട്ടേലുമൊത്ത് നേടിയ 72 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. 59 പന്തില്‍ നിന്ന് കൊഹ്‌ലി 76 റണ്‍സും 37 പന്തില്‍ നിന്ന് അക്സർ പട്ടേല്‍ 47 റണ്‍സും നേടി.

ആദ്യഓവറില്‍ രോഹിതും കൊഹ്‌ലിയും ചേർന്ന് തകർപ്പൻ തുടക്കം നല്‍കിയെങ്കിലും രണ്ടാം ഓവറില്‍ സ്പിന്നർ കേശവ് മഹാരാജ് എത്തിയതോടെ കളി മാറി. രണ്ട് വിക്കറ്റുകളാണ് ആവ ഓവറില്‍ ഇന്ത്യക്ക് നഷ്ടമായത് ഒമ്ബത് റണ്‍സെടുത്ത രോഹിത് ക്ലാസന് ക്യാച്ച്‌ നല്‍കി മടങ്ങി. പിന്നാലെ റിഷഭ് പന്തും പോയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് പ്രതീക്ഷ നല്‍കിയെങ്കിലും റബാദയുടെ ബോളില്‍ ക്ലാസൻ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയയച്ചു.