തിരുവനന്തപുരം:സംസ്ഥാനത്ത് കാരുണ്യ ഫാര്‍മസികള്‍ വഴി ക്യാന്‍സറിനുള്ള മരുന്നുകള്‍ ലാഭമില്ലാതെ വില്‍ക്കുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. വാങ്ങുന്ന വിലയ്ക്കുതന്നെ ക്യാന്‍സര്‍ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതി ഉടന്‍തന്നെ ആരംഭിക്കുമെന്നും എ.കെ.എം. അഷറഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
കാരുണ്യ ആരോഗ്യപരിരക്ഷാ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2,62,571 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. അത് 2023-24ല്‍ 6,39,955 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 1,07,396 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിച്ചു. സംസ്ഥാനത്ത് മൊത്തം 42,45,000 കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. അതില്‍ 23 ലക്ഷം പേര്‍ക്കുമാത്രമാണ് കേന്ദ്ര വിഹിതം ലഭിക്കുന്നത്. അവര്‍ക്ക് ലഭിക്കുന്ന കേന്ദ്ര പ്രിമീയം വെറും 631 രൂപ മാത്രവുമാണ്. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രം നേരത്തേ പരിഗണിച്ചിട്ടില്ലെങ്കിലും വീണ്ടും അതിനായി സമ്മര്‍ദംചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനായി ഇതിനകം 444 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രശ്നം പ്രത്യേകമായി കണേണ്ടതാണ്. രണ്ടുവര്‍ഷം മുന്‍പ് 60-40 എന്ന നിലയില്‍ കേന്ദ്രവും കേരളവും സംയുക്തമായാണ് അവിടെ പദ്ധതി നടപ്പാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ 2022-ല്‍ കേന്ദ്രം ഏകപക്ഷീയമായി അതില്‍നിന്നും പിന്മാറി. ഇതേത്തുടര്‍ന്ന് ആദ്യ വര്‍ഷം ആരോഗ്യവകുപ്പിന്റെ വിഹിതത്തില്‍നിന്ന് ഇതിനുള്ള ഫണ്ട് നല്കി. ധനവകുപ്പുമായി ആലോചിച്ച് പദ്ധതി സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മംഗലാപുരത്ത് ചികിത്സയ്ക്കായി പോകുന്ന കാസര്‍ഗോഡ് നിവാസികള്‍ക്ക് അവിടെ ഏനപ്പ മെഡിക്കല്‍ കോളജില്‍ ഇതിനുള്ള സൗകര്യമുണ്ട്. മാത്രമല്ല, കാരുണ്യ കാര്‍ഡുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ എംപാനല്‍ ചെയ്തിട്ടുള്ള ഏത് ആശുപത്രിയിലും ചികിത്സ നടത്താനുള്ള സൗകര്യവുമുണ്ട്. സംസ്ഥാനത്തിന് എന്‍.എച്ച്.എമ്മിന്റെ ഭാഗമായി 2023-24 വര്‍ഷത്തില്‍ കേന്ദ്രം ഒരു രൂപ പോലും നല്‍കിയിരുന്നില്ല. അത് നേടിയെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.