തൃശൂർ: സ്കൂട്ടറില്‍ ഇടിച്ച ലോറിക്കടിയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. അങ്കമാലി കിടങ്ങൂർ വേങ്ങൂർ മടത്തിപ്പറമ്ബില്‍ ഷാജുവിന്റെ ഭാര്യ ഷിജിയാണു (44) മരിച്ചത്. മകന്റെ കണ്മുൻപില് വച്ചാണ് സ്കൂട്ടർ യാത്രികയായ അമ്മ അതിദാരുണമായി മരിച്ചത്. മകൻ രാഹുലിനെ (22) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പകല്‍ 11.40നായിരുന്നു അപകടം. നേരത്തെ മറ്റൊരു അപകടത്തില്‍ പരുക്കേറ്റിരുന്ന രാഹുലിനെ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിയിലെ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോകുമ്ബോഴാണ് അപകടം. ഷിജിയാണു സ്കൂട്ടർ ഓടിച്ചിരുന്നത്. റോഡിന്റെ അരികു ചേർന്നു പോകുകയായിരുന്ന സ്കൂട്ടറില്‍ ലോറി തട്ടുകയും റോഡിലേക്കു മറിഞ്ഞു വീണ അമ്മയെയും മകനെയും ലോറി കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടു പോകുകയും ചെയ്തു. തുടർന്നു ലോറിയുടെ പിൻചക്രങ്ങള്‍ ഷിജിയുടെ ദേഹത്തു കൂടി കയറിയിറങ്ങുക ആയിരുന്നു.
രക്തത്തില്‍ കുളിച്ചു കിടന്ന ഇവരെ നാട്ടുകാർ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഷിജി മരിച്ചിരുന്നു. അമ്ബലമുകളില്‍ സിമന്റ് മിക്സ് എത്തിച്ചു കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്ന വലിയ ബള്‍ക്കർ ലോറിയാണു സ്കൂട്ടറില്‍ ഇടിച്ചത്. ഷിജിയുടെ മൃതദേഹം ചാലക്കുടി ഗവ. താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കള്‍ക്കു കൈമാറും.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ലോറി ഡ്രൈവർ ചേലക്കര സ്വദേശി വിജേഷിനെ (45) കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിലെ ഇൻഷുറൻസ് ഏജന്റിന്റെ ഓഫിസില്‍ ജീവനക്കാരിയായിരുന്നു ഷിജി. സംസ്കാരം ഇന്നു 3.30നു കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തില്‍. മറ്റൊരു മകൻ: അതുല്‍