വിവാഹവാഗ്ദാനം നല്‍കി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍.

വിവാഹവാഗ്ദാനം നല്‍കി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍.
alternatetext

വിവാഹവാഗ്ദാനം നല്‍കി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും അമ്മയുടെ ബാഗില്‍ നിന്ന് 50,000 രൂപ മോഷ്ടിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ബീഹാർ വെസ്റ്റ് ചമ്ബാരൻ ജില്ലയില്‍ ബല്‍വാബഹുവൻ സ്ട്രീറ്റില്‍ സലീം മിയാന്റെ മകൻ മെഹമ്മൂദ് മിയാനെയാണ് (38) അമ്ബലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

20 ന് ഉച്ചക്ക് 12 ഓടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മ ചെമ്മീൻ ഷെഡില്‍ ജോലിക്ക് പോയ സമയം, വളഞ്ഞ വഴിയിലെ വാടക വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുമായും അമ്മ ബാഗില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയുമായും കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ മെഹമ്മൂദ് നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നു. വൈകിട്ടോടെ കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത് . തുടർന്ന് അമ്ബലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസിന്റെ അന്വേഷണത്തില്‍ മെഹമ്മൂദ് പെണ്‍കുട്ടിയേയും കൊണ്ട് കേരളാ എക്സ്പ്രസില്‍ ബീഹാറിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് അമ്ബലപ്പുഴ ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബീഹാറിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ യാത്രാ മദ്ധ്യേ മഹാരാഷ്ട്രയിലെ ബല്‍ഹർഷാ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് മെഹമ്മൂദ്. 20,000 ത്തോളം രൂപ കണ്ടെടുത്തു. അമ്ബലപ്പുഴ കോടതി കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു, പ്രതിയെ റിമാൻഡ് ചെയ്തു. അമ്ബലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇൻസ്‌പെക്ടർമാരായ ഷാഹുല്‍ ഹമീദ്, ജയചന്ദ്രൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ എ. നൗഷാദ് , സിവില്‍ പൊലീസ് ഓഫീസർമാരായ ജോസഫ് ജോയി, വിഷ്ണു, അനൂപ് കുമാർ, മുഹമ്മദ് ഷെഫീക്, ദർശന എന്നിവരടങ്ങുന്ന സംഘമായിരുന്നു അന്വേഷണം നടത്തിയത്.