കോതമംഗലം: കോടതി വിധിയുമായെത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ കയറാൻ അവസരം നൽകാതെ യാക്കോബായ വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബസ്ഫാകെ യാക്കോബായ സുറിയാനി പള്ളിയിലാണ് തിങ്കളാഴ്ച ഇരുവിഭാഗം വിശ്വാസികളും തമ്മിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തത്.
സംഭവസ്ഥലത്ത് തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും, മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസുകാരും നിലയുറപ്പിച്ചിരുന്നു. കോതമംഗലം കോടതിയുടെ വിധിയുടെ പിൻബലത്തിൽ ഇതിനുമുൻപും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുവാൻ എത്തിയിരുന്നു.
രണ്ടു വട്ടവും ശക്തമായാണ് യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്. പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ കഴിയില്ലെന്ന പോലീസ് നിലപാടെടുത്തതോടെ വൈദികർ ഉൾപ്പെടെയുള്ള ഓർത്തഡോക്സ് വിശ്വാസികൾ പിൻവാങ്ങി.