ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
alternatetext

എന്‍ഡിഎയുടേയും ഇന്‍ഡ്യാ സഖ്യത്തിന്റെയും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ ഇന്‍ഡ്യാ സഖ്യം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക.

ഇന്ന് 12 മണി വരെയാണ് ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാനുളള സമയം. ഭര്‍തൃഹരി മഹ്താബ്, രാധാ മോഹന്‍ സിംഗ്, ഡി പുരന്ദേശ്വരി എന്നീ മൂന്ന് പേരുകളാണ് എന്‍ഡിഎ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭയുടെ സ്പീക്കര്‍ ഓം ബിര്‍ളയുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്.

ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷം നിലപാട് വ്യക്തമാക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കര്‍ ആക്കണമെന്ന ആവശ്യത്തില്‍ ഇന്‍ഡ്യാ സഖ്യം ഉറച്ചുനില്‍ക്കുകയാണ്.

അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ നോമിനിയായി കൊടിക്കുന്നില്‍ മത്സരിപ്പിക്കും.വോട്ടെടുപ്പ് ഒഴിവാക്കാന്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ.