പട്ടിക ജാതി വർഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് മുഴുവനും കൊടുത്തുതീർക്കാൻ നിർദേശം.

പട്ടിക ജാതി വർഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് മുഴുവനും കൊടുത്തുതീർക്കാൻ നിർദേശം.
alternatetext

കാസർകോട്: പട്ടിക ജാതി/വർഗ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് മുഴുവനും കൊടുത്തുതീർക്കാൻ നിർദേശം. 50 കോടി രൂപ ഇതിനായി സർക്കാർ പട്ടിക ജാതി/വർഗ വകുപ്പിന് അനുവദിച്ചു. 2022-2023 വർഷത്തെ തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നല്‍കിത്തുടങ്ങി.

2023-24 വർഷത്തെ തുക കൊടുക്കാനുള്ള നടപടിയുമാരംഭിച്ചു. 2024-25 വർഷത്തെ ഗ്രാന്റ് നല്‍കുന്നതിനും ബജറ്റ് നിർദേശമുണ്ടെന്ന് വകുപ്പുവൃത്തങ്ങള്‍ പ്രതികരിച്ചു. രണ്ടരലക്ഷം വിദ്യാർഥികളുടെ ഗ്രാന്റാണ് രണ്ടുവർഷമായി മുടങ്ങി മൂന്നാം വർഷത്തിലേക്ക് കടന്നത്. ഇതുകാരണം പാവപ്പെട്ട കുട്ടികള്‍ ഫീസ് നല്‍കാനാവാതെ പഠനം ഉപേക്ഷിക്കുകയോ ഹോസ്റ്റല്‍ വിടുകയോ ചെയ്തിട്ടുണ്ട്.

ഇക്കാര്യം സൂചിപ്പിച്ച്‌ മാധ്യമം ‘കോളനി’ മാറി ‘ഉന്നതി’യില്ല എന്ന് വാർത്ത നല്‍കിയിരുന്നു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പട്ടിക ജാതി/വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ തല്‍സ്ഥാനം രാജിവെക്കുമ്ബോള്‍ പട്ടികജാതി/വർഗ അധിവാസ മേഖലകളെ ‘കോളനി’ എന്ന് പരാമർശിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഈ തീരുമാനം ഉണ്ടാവുമ്ബോഴും ഈ വിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട അർഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് വിമർശിക്കപ്പെട്ടിരുന്നു.

അതിന്റെ പ്രതിഫലനമെന്നോണമാണ് സർക്കാർ ഗ്രാന്റ് നല്‍കാൻ ഉത്തരവിട്ടത് എന്നാണ് അറിയുന്നത്. അതേസമയം, ഗ്രാന്റ് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാണ് നല്‍കുന്നതെന്നും കേന്ദ്രത്തിന്റെ പുതിയ ഉത്തരവാണ് സഹായം നല്‍കുന്നതിന് കാലതാമസമുണ്ടാക്കിയതെന്നും വകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചു.

ഇതുവരെ, ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്റ് നല്‍കിക്കൊണ്ടിരുന്നത്. പുതിയ ഉത്തരവുപ്രകാരം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുകയാണ്. അപേക്ഷ സമർപ്പിക്കാൻ വിദ്യാർഥികള്‍ക്കും കുടിശ്ശിക ലഭ്യമാക്കാൻ സ്ഥാപനങ്ങള്‍ക്കും പ്രയാസമുണ്ടായി. ഇത്തരം പ്രശ്നങ്ങളാണ് തുക കൈമാറാൻ കാലതാമസമുണ്ടാക്കിയതെന്ന് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.