തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും നിലവിലുണ്ട്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ തുടർച്ചയായാണ് ഇന്നും കേരളത്തില്‍ അതിശക്തമായ പെയ്യാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നലെ വിവിധ ഇടങ്ങളില്‍ മഴ കനത്ത നാശം വിതച്ചിരുന്നു. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയുണ്ടായി. കണ്ണൂരിലും പാലക്കാട്ടും മരം വീണ് അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ: ജൂണ്‍ 26- നാളെ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ എട്ട് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും നിലവിലുണ്ടാവും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂണ്‍ 27- വ്യാഴാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ദിവസം അഞ്ചിടത്ത് യെല്ലോ അലർട്ട് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവാൻ ഇടയുള്ളത്.
കൂടാതെ കേരള തീരത്തും, തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.