കണ്ണൂർ: ബിജെപി യോഗം നടന്ന വീടുവളഞ്ഞ് സിപിഎം പ്രവർത്തകർ. കുണിയനില്‍ കുണ്ടത്തില്‍ ബാലന്‍റെ വീട്ടില്‍ ബിജെപി പ്രവർത്തകർ യോഗം ചേരുന്നതിനിടെയാണ് നൂറോളം സിപിഎമ്മുകാർ വീട് വളഞ്ഞത്. ആയുധ പരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു സിപിഎം പ്രവർത്തകരെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സിപിഎമ്മുകാർ തങ്ങളെ തടഞ്ഞുവയ്ക്കുകയും കൈയേറ്റം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
ഈ വീടിന്‍റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്താണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ആയുധങ്ങള്‍ കണ്ടെടുത്തതിനു സ്വമേധയാ കേസെടുത്ത പോലീസ് ആരെയും പ്രതിചേർത്തിട്ടില്ല. അതേസമയം ബാലന്‍റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി ആർഎസ്‌എസ് പ്രവർത്തകരുടെ ആയുധപരിശീലനം നാട്ടുകാർ കണ്ടിരുന്നതായി സിപിഎം പറയുന്നു.