ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ വിഷമദ്യം വാറ്റി വില്‍പന നടത്തിയ മുഖ്യപ്രതി ചിന്നദുരൈയെ അറസ്റ്റ് ചെയ്തു. കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കേസില്‍ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി(49), ഭാര്യ വിജയ, സഹായി ദാമോദരൻ ഉള്‍പ്പെടെ നാലു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മരണം 50 ആയി. പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിഎന്നിവിടങ്ങളിലായി 90ലധികം പേർ ചികിത്സയിലാണ്.
ജിപ്മർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കേസിന്‍റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി സർക്കാർ ഉത്തരവിട്ടിരുന്നു.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റീസ് പി. ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ഏകാംഗ ജുഡീഷ്യല്‍ കമീഷനെയും സർക്കാർ നിയമിച്ചു.