ലോക്സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി വോട്ടുകള്‍ ചോർന്നത് കനത്ത തോല്‍വിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി വോട്ടുകള്‍ ചോർന്നത് കനത്ത തോല്‍വിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
alternatetext

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി വോട്ടുകള്‍ ചോർന്നത് കനത്ത തോല്‍വിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചർച്ച. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങള്‍ സമഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. മണ്ഡല അടിസ്ഥാനത്തില്‍ പരാജയ കാരണങ്ങള്‍ വിലയിരുത്തും. പാർട്ടി വോട്ട് ചോർന്ന മേഖലകളില്‍ പ്രത്യേക പരിശോധനയും വൻതോതില്‍ വോട്ട് ചോർന്ന ഇടങ്ങളില്‍ അന്വേഷണ കമ്മീഷനും ഉള്‍പ്പെടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടില്‍ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയായത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം പിബിയില്‍ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമർശനം ഉയർന്നു.

കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തില്‍ പഠിക്കണമെന്നും നിർദേശിച്ചിരുന്നു