തിരുവനന്തപുരം: സി.പി.ഐയുടെ സുപ്രധാന സംഘടന ചുമതലകള്‍ വഹിക്കുമ്ബോഴാണ് പി.പി. സുനീറിന് രാജ്യസഭയിലേക്കുള്ള പുതിയ നിയോഗം. പാർട്ടി ദേശീയ കൗണ്‍സില്‍ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീർ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തുന്നത്. 1999ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004 ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിനെതിരെയും 2019 ല്‍ വയനാട് മണ്ഡലത്തില്‍നിന്നും രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.
സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയായും എല്‍.ഡി.എഫ് മലപ്പുറം ജില്ല കണ്‍വീനറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനും കേരള പ്രവാസി ഫെഡറേഷൻ ജനറല്‍ സെക്രട്ടറിയുമാണ്. 1968ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിലാണ് ജനനം. കോളജ് വിദ്യാഭ്യാസ കാലത്ത് രണ്ടു പ്രാവശ്യം കോഴിക്കോട് സർവകലാശാല യൂനിയൻ വൈസ് ചെയർമാനായി.
തുടർന്ന് ഓള് ഇന്ത്യ യൂത്ത് ഫെഡറേഷനിലും കമ്യൂണിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകൻ. 2005ല്‍ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാറഞ്ചേരി വാർഡില്‍നിന്ന് ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഷാഹിന. രണ്ടു പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം.