ന്യൂഡല്‍ഹി: വയനാട്ടില്‍നിന്ന് വീണ്ടും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുല്‍ ഗാന്ധി ഈ മാസം 12ന് മണ്ഡലത്തില്‍ എത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനർ എ.പി അനില്‍കുമാർ എം.എല്‍.എ അറിയിച്ചു. ഡല്‍ഹിയിലെ 10 ജൻപഥില്‍ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പര്യടന തീയതി തീരുമാനിച്ചത്.
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണ്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തത്തിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കെ.എല്‍ പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എ.പി അനില്‍ കുമാർ എം.എല്‍.എ രാഹുല്‍ ഗാന്ധിക്ക് കൈമാറി.