കോതമംഗലം: കഴിഞ്ഞ മൂന്നുവർഷമായി കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജിൽ ഒളിച്ചു കഴിഞ്ഞിരുന്ന വിരുതനെ പിടികൂടി. വർഷങ്ങളായി കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ ഒളിച്ചു താമസിച്ച ഒരു വെള്ളിമൂങ്ങയാണ് കഥാനായകൻ.
പകൽ യന്ത്രങ്ങളുടെ അകത്ത് ഒളിച്ചിരിക്കുകയും, രാത്രി കാലങ്ങളിൽ ക്യാംപസിൽ ചുറ്റിക്കറങ്ങി ലാബിലും യന്ത്രങ്ങളിലും കാഷ്ഠിച്ചിട്ടുകൊണ്ട് ജീവനക്കാരുടെ ശല്യമായി മാറിയ സുന്ദരനെയാണ് വെള്ളിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂറ്റൻ ബോയിലർ യന്ത്രത്തിനുള്ളിൽ ഒളിച്ചിരുന്ന വെള്ളിമൂങ്ങയെ മുവാറ്റുപുഴ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റെസ്ക്യുവർ ഓഫീസർ സെബി തോമസാണ് പിടികൂടിയത്. തുടർന്ന് കോതമംഗലം വനം വകുപ്പ് കാര്യാലയത്തിലേക്ക് കൊണ്ടുപോയ മൂങ്ങയെ വിശദമായ പരിശോധനകൾക്കു ശേഷം തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടു.