ഒരു മഴ പെയ്താല്‍ ജനം ദുരിതത്തില്‍ , സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഒരു മഴ പെയ്താല്‍ ജനം ദുരിതത്തില്‍ , സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
alternatetext

കൊച്ചി : കൊച്ചിയിലെ കാനകള്‍ ശുചീകരിക്കുന്നതിലെ വീഴ്ചയില്‍ സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണ്. സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന ചോദിച്ച കോടതി ഇതിനൊക്കെ ഒരു മാസ്റ്റർപ്ലാൻ വേണ്ടെയെന്നും കൂട്ടിച്ചേർത്തു.

നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റിവയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളില്‍ വാദം കേള്‍ക്കുന്നതിനെടായാണ് കോടതിയുടെ വിമർശനം. മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയില്‍ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. എന്നാല്‍ അത് ഇത്തവണ ഉണ്ടായില്ല. ഇപ്പോഴാണ് ആ ജോലികള്‍ നടന്നുവരുന്നത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികള്‍ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപ്പറേഷൻ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജനങ്ങള്‍ ഇതൊക്കെ വിശ്വസിച്ച്‌ സഹിച്ച്‌ എന്നും മിണ്ടാതിരിക്കും എന്ന് കരുതരുത്. വേറെ വഴിയില്ലാത്തത് കൊണ്ടാണ് ജനങ്ങള്‍ മിണ്ടാതിരിക്കുന്നത്. സാധാരണ ജനങ്ങള്‍ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതുന്നത്. ഒരു വി.ഐ.പി പാർപ്പിട സമുച്ചയം ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.