തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികള്‍ നാളെ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകള്‍ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍.
ആദ്യമായി എത്തുന്നവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് എളമക്കര സ്കൂളില്‍ എത്തും 40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്കൂളുകളില്‍ എത്തുന്നത്.
പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ബസ്സുകള്‍, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.