തിരുവനന്തപുരം: മേഘവിസ്ഫോടനങ്ങളും അതി തീവ്രമഴയുമായി വിറങ്ങലിച്ച കേരളത്തിന് വേനല്‍ക്കാലത്ത് ലഭിച്ചത് 39 ശതമാനം അധികമഴ. എല്‍നിനോ പ്രതിഭാസത്തെ തുടർന്ന് കഴിഞ്ഞ വർഷം 34 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ പെരുമഴ ആശ്വാസമായത്. മാർച്ച് ഒന്നുമുതല്‍ മേയ് 31വരെയുള്ള പ്രീ മണ്‍സൂണ്‍ സീസണില്‍ കേരളം പ്രതീക്ഷിക്കുന്നത് 359.1 മി.മീറ്റർ മഴയാണ്. 2023ല്‍ പെയ്തിറങ്ങിയത് 236.4 മി. മീറ്റർ മാത്രമായിരുന്നെങ്കില്‍ ഇത്തവണ ലഭിച്ചത് 500.1 മി.മീറ്ററാണ്.
ഏപ്രില്‍ അവസാനിക്കുമ്ബോള്‍ 62 ശതമാനമായിരുന്നു വേനല്‍മഴയുടെ കുറവ്. ചൂടില്‍ ഉരുകിയൊലിച്ച കേരളത്തില്‍ മേയ് പകുതിയോടെയാണ് മഴ ശക്തമായത്. തുടർന്ന് 10 ദിവസത്തിനുള്ളില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാളും 36 ശതമാനം അധികം മഴ ലഭിച്ചു.
മേയ് 15 വരെ ഉഷ്ണതരംഗത്തില്‍ വിയർത്തൊലിച്ച പാലക്കാടിന് മേയ് 31 ആകുമ്ബോഴേക്കും ലഭിച്ചത് 44 ശതമാനം അധികമഴയാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞെങ്കില്‍ ഇത്തവണ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും കൂടുതല്‍ മഴ ലഭിച്ചു. മഴ കുറയുമെന്ന് പ്രതീക്ഷിച്ച വയനാട്ടില്‍ രണ്ട് ശതമാനം അധികമഴ ലഭിച്ചു. ഇടുക്കിയില്‍ 19 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ കുറവ് ഫലത്തില്‍ അനുഗ്രഹമായിട്ടാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്.
എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തുമുണ്ടായ അതിതീവ്രമഴകള്‍ മലയോര ജില്ലകളായ ഇടുക്കിയിലും വയനാടും പെയ്തിറങ്ങിയിരുന്നെങ്കില്‍ ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചേനെ. മൂന്ന് മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ് -90 ശതമാനം. 441.4 മി.മീറ്റർ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 837.2 മി.മീറ്റർ. കഴിഞ്ഞ വർഷം 30 ശതമാനം മഴക്കുറവാണ് ജില്ലയിലുണ്ടായത്. തൊട്ടുപിന്നില്‍ കോട്ടയമാണ് -87 ശതമാനം. കഴിഞ്ഞ വർഷം 71 ശതമാനം മഴകുറവ് രേഖപ്പെടുത്തിയ കാസർകോട് ഇത്തവണ 29 ശതമാനം അധികമഴയാണ് ലഭിച്ചത്.