കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, മർദനം, റാഗിംഗ് എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്തിമ റിപ്പോർട്ട് നല്കിയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് പ്രതികളുടെ വാദം.
സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമർദനത്തിനും ഇരയായെന്ന് സി ബി ഐയുടെ അന്തിമറിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ജാമ്യത്തെ എതിർത്ത് കക്ഷി ചേർന്ന സിദ്ധാർത്ഥിന്റെ അമ്മ എം ആർ ഷീബ നല്കിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. വൈദ്യ സഹായം പോലും നല്കാൻ പ്രതികള്‍ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യവും സി ബി ഐ റിപ്പോർട്ടില്‍ വ്യക്തമാണ്.
അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് സിദ്ധാർത്ഥിന്റെ അമ്മയുടെ ആവശ്യം. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 15ന് വീട്ടിലേയ്ക്ക് പോകുന്നതിനായി സിദ്ധാർത്ഥ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. അന്ന് രാത്രിയോടെ രണ്ട് വിദ്യാർത്ഥികള്‍ സിദ്ധാർത്ഥിനെ തിരികെ വിളിച്ചു.
16ന് രാവിലെ എട്ടുമണിക്ക് ഹോസ്റ്റലില്‍ തിരിച്ചെത്തി. അന്നുരാത്രിയാണ് മർദനം ആരംഭിച്ചത്. ആദ്യം കോളേജിന് സമീപത്തെ മലമുകളില്‍വച്ചും പിന്നീട് വാട്ടർ ടാങ്കിന് സമീപത്തുവച്ചും പ്രതികള്‍ ക്രൂരമായി സിദ്ധാർത്ഥിനെ മർദിച്ചു. തുടർന്ന് ഹോസ്റ്റലിലെ 21ാം നമ്ബർ മുറിയിലെത്തിച്ചു. അവിടെവച്ചും സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ചു.വയറിലും മുതുകിലും പലതവണ ചവിട്ടി. സിദ്ധാർത്ഥിനെ അടിവസ്ത്രം മാത്രം ധരിക്കാനെ അനുവദിച്ചുള്ളൂ. അടിവസ്ത്രത്തില്‍ ഹോസ്റ്റല്‍ ഇടനാഴിയില്‍ നടത്തി. നിലവിളി കേട്ടതായി പല വിദ്യാർത്ഥികളും മൊഴി നല്‍കിയിട്ടുണ്ട്.
സിദ്ധാർത്ഥിനെകൊണ്ട് തറ തുടപ്പിച്ചു. പ്രതികള്‍ ഓരോ മുറിയിലും തട്ടിവിളിച്ച് ഉറങ്ങിയവരെ വിളിച്ചുണർത്തി. എല്ലാവരെയും പുറത്തേയ്ക്ക് വിളിച്ചു. സിദ്ധാർത്ഥിനെ ഹോസ്റ്റലിന്റെ പുറത്ത് നടുമുറ്റത്ത് എത്തിച്ചു. അടിവസ്ത്രത്തില്‍ നിർത്തി പരസ്യവിചാരണ തുടങ്ങി. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയിപ്പിക്കുകയും ക്ഷമാപണം നടത്തിക്കുകയും ചെയ്തു. ശേഷം നടുമുറ്റത്തുവച്ച് മർദനം തുടങ്ങി. ബെല്‍റ്റും ഗ്ളൂ ഗണ്ണും ചാർജറിന്റെ കേബിളും ഉപയോഗിച്ച് മർദിച്ചു.
പലതവണ സാങ്കല്‍പ്പിക കസേരയിലിരുത്തി. ഇരിക്കാനാവാതെ സിദ്ധാർത്ഥ് നിലത്തുവീണു. പിന്നീട് ഒന്നാം നിലയിലെ ഡോർമെട്രിയില്‍ എത്തിച്ച് അവിടെവച്ചും മർദിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അടുത്തദിവസം രാവിലെ സിദ്ധാർത്ഥ് കട്ടിലില്‍ കരഞ്ഞുകൊണ്ട് കിടക്കുന്നതുകണ്ടെന്ന് സാക്ഷിമൊഴിയുണ്ട്. കഞ്ഞിവെള്ളം കുടിക്കാൻ നോക്കിയെങ്കിലും വേദനകൊണ്ട് സാധിച്ചില്ല.
തൊണ്ടയില്‍ മുറിവ് ഉണ്ടായിരുന്നു. എന്നിട്ടും ഡോക്ടറെ കാണിക്കാൻ ആരും തയ്യാറായില്ല. 18ന് നേരം വെളുത്തതിനുശേഷം ആരും സിദ്ധാർത്ഥിനെ കണ്ടിട്ടില്ല. ഒരു വിദ്യാർത്ഥി ശുചിമുറി തള്ളിത്തുറന്നപ്പോള്‍ സിദ്ധാർത്ഥ് തൂങ്ങി നില്ക്കുന്നതായാണ് കണ്ടത്.