രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച്‌ വിചിത്രമായ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച്‌ വിചിത്രമായ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
alternatetext

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച്‌ വിചിത്രമായ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച്‌ ലോകത്തിന് അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു. ഹിന്ദി വാർത്താ ചാനലായ എ.ബി.പി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിചിത്രമായ പരാമർശം നടത്തിയത്. ‘മഹാത്മാഗാന്ധി ഒരു മഹാത്മാവായിരുന്നു. അദ്ദേഹത്തെ കുറിച്ച്‌ ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? അദ്ദേഹത്തെ കുറിച്ച്‌ ആർക്കും അറിയില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. പക്ഷേ, മഹാത്മാഗാന്ധിയെ കുറിച്ച്‌ ആദ്യമായി ലോകത്തിന് ആകാംക്ഷയുണ്ടായത് ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണ്. അത് നമ്മളല്ല ചെയ്തത്.’ -അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

‘ലോകത്തിന് മാർട്ടിൻ ലൂഥർ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയേയുമെല്ലാം അറിയാമെങ്കില്‍, മഹാത്മാഗാന്ധി അവരേക്കാള്‍ ഒട്ടും ചെറുതല്ല. ഇത് നിങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. ലോകമാകെ സഞ്ചരിച്ചതിനുശേഷമാണ് ഞാനിത് പറയുന്നത്.’ -മോദി തുടർന്നു. എ.ബി.പി. ന്യൂസ് അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷമായ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

മോദി മഹാത്മാഗാന്ധിയുടെ പാരമ്ബര്യത്തെ തകർക്കുകയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എക്സില്‍ കുറിച്ചു. 1982-ന് മുമ്ബ് മഹാത്മാഗാന്ധിയെ അറിയാതിരുന്ന ഒരു ലോകത്താണ് സ്ഥാനമൊഴിയാൻ പോകുന്ന നമ്മുടെ പ്രധാനമന്ത്രി ജീവിക്കുന്നത്. ഗാന്ധിജിയുടെ പാരമ്ബര്യം ആരെങ്കിലും തകർത്തിട്ടുണ്ടെങ്കില്‍ അത് സ്ഥാനമൊഴിയാൻ പോകുന്ന പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സർക്കാരാണ് വാരാണസിയിലും ഡല്‍ഹിയിലും അഹമ്മദാബാദിലുമുള്ള ഗാന്ധിയൻ സ്ഥാപനങ്ങള്‍ നശിപ്പിച്ചത്.’ -ജയ്റാം രമേശ് കുറിച്ചു.

‘ആർ.എസ്.എസ്. പ്രവർത്തകർക്ക് മഹാത്മാഗാന്ധിയുടെ ദേശീയത അറിയില്ല. അതാണ് ആർ.എസ്.എസ്. പ്രവർത്തകരുടെ മുഖമുദ്ര. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം വിനായക് ഗോഡ്സേയെ കൊണ്ട് മഹാത്മാഗാന്ധിയെ കൊല്ലിച്ചത്.’ -ജയ്റാം രമേശ് തുടർന്നു. ഗാന്ധിയുടെ ഭക്തരും ഗോഡ്സേയുടെ ഭക്തരും തമ്മിലുള്ള പോരാട്ടമാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നും ജയ്റാം രമേശ് പറഞ്ഞു. ‘സ്ഥാനമൊഴിയാൻ പോകുന്ന പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഗോഡ്സേ ഭക്തരായ സഹപ്രവർത്തകരുടേയും പരാജയം സുനിശ്ചിതമാണെന്നും -അദ്ദേഹം കൂട്ടിച്ചേർത്തു.