ഡോക്ടർ വന്ദനാ ദാസ് : പ്രതിക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ നില നില്ക്കുമെന്ന് കോടതി

ഡോക്ടർ വന്ദനാ ദാസ് : പ്രതിക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ നില നില്ക്കുമെന്ന് കോടതി
alternatetext

കൊട്ടാരക്കര ഗവ ആശുപത്രിയിൽ വെച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസം സൃഷ്ടിക്കുക തുടങ്ങിയവ ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനില്ക്കുമെന്ന് കോടതി കണ്ടെത്തി. പ്രതി ഫയൽ ചെയ്ത വിടുതൽ ഹർജി തള്ളിയ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ്, കേസിൽ പ്രതി കുറ്റപത്രം വായിച്ച് കേൾക്കുവാൻ ജൂൺ ആറിന് നേരിട്ട് ഹാജരാക്കുവാനും ഉത്തരവിട്ടു.

നേരത്തെ, പ്രതിക്ക് മാനസിക രോഗമുള്ളതുകൊണ്ട് പ്രതിയെ കുറ്റവിമുക്തനാക്കണമെന്നും പ്രതി കൊലപാതകം ചെയ്തതിന് സാക്ഷികൾ ഇല്ല എന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്.

എന്നാൽ കേസിലെ വിടുതൽ ഹർജി പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്ന രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിചാരണ കോടതി തീരുമാനമെടുക്കേണ്ടത് എന്ന 2023 ലെ സുപ്രീം കോടതി വിധി ഈ കേസിന് ബാധകമാണെന്നുള്ള വാദമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ പ്രധാനമായും ഉയർത്തിയത്. മാത്രമല്ല, വിടുതൽ ഹർജി പരിഗണിക്കുന്ന സമയം ഏതെങ്കിലും തരത്തിലുള്ള തെളിവ് ഹാജരാക്കുവാൻ പ്രതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

കൂടാതെ, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ വന്ദനക്ക് നേരെയുണ്ടായതെന്നും പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുൾപ്പെടെയുള്ള വകുപ്പുകൾ നിലനില്ക്കുമെന്നും ഹോസ്പിറ്റലിലെ ഡ്രസിംഗ് റൂമിൽ മനപൂർവ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയിൽ കത്രിക കൈക്കലാക്കി പ്രതി കൈകളിൽ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ പല തവണ മുറിവേൽപ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു. വന്ദനയെ കൈകൾ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തി ആറു തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേൽപ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നും പ്രതിക്ക് യാതൊരു വിധ മാനസിക അസുഖവുമില്ലെന്നും കൊലപാതകത്തിന് ശേഷമുള്ള പ്രതിയുടെ പ്രവൃത്തികൾ അത് വെളിവാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് പ്രതിയുടെ വിടുതൽ ഹർജി തള്ളി കോടതി ഉത്തരവിട്ടത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.