അങ്കമാലി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, ഏറെ നാളായി പോലീസ് നിരീക്ഷണത്തിലുമുള്ള ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലുള്ള വീട്ടിലാണ് പോലീസിന്റെ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. അടുത്ത മാസം വിരമിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും, പോലീസുകാരും ഗുണ്ടാനേതാവിന്റെ വീട്ടിൽ പ്രത്യേക വിരുന്നിന് എത്തിയതായിരുന്നു.
എന്നാൽ ഈ സമയം ഡിജിപിയുടെ ഗുണ്ടകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഫൈസലിന്റെ വീട്ടിലെത്തിയ അങ്കമാലി എസ്ഐയെ കണ്ട ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിച്ചു.
തുടർന്ന് പരിശോധനയ്ക്കു മുതിർന്ന എസ്ഐയെ, ഡിവൈഎസ്പി ഭീഷണിപ്പെടുത്തി അവിടെനിന്നും തടിതപ്പുകയായിരുന്നു. സംഭവം പോലീസുകാരുടെ ഇടയിൽ വിവാദമായതോടെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും, ഡിവൈഎസ്പിക്ക് ഒപ്പം ഉണ്ടായിരുന്ന പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.