മയക്കുവെടി വച്ച്‌ പിടികൂടിയ പുലി ചത്തു

മയക്കുവെടി വച്ച്‌ പിടികൂടിയ പുലി ചത്തു
alternatetext

പാലക്കാട്: മയക്കുവെടി വച്ച്‌ പിടികൂടിയ പുലി ചത്തു. കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്ബിവേലിയില്‍ കുടുങ്ങിയ പുലിയെയാണ് മയക്കുവെടി വച്ച്‌ പിടികൂടിയത്.
മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ച്‌ വീഴ്ത്തി പുലിയെ കൂട്ടിലാക്കിയത്.

പിടികൂടിയ ശേഷം പ്രാഥമീക ചികിത്സ നല്‍കുന്നതിന് മുമ്ബ് തന്നെ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്.

ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച്‌ മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ.

ഏറെ നേരം കമ്ബിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്ബിവേലിയില്‍ കുടുങ്ങി പരിക്കേറ്റിരുന്നു. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്ബിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്ബിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയ നിലയിലായിരുന്നു പുലി. ഏതാണ്ട് നാല് വയസ് പ്രായം വരുന്ന പെണ്‍പുലിയാണ് വേലിയില്‍ കുടുങ്ങിയത്.