കനത്ത മഴയെത്തുടർന്ന് തൃശൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടുന്നു. അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവ അടക്കമുള്ള കേന്ദ്രങ്ങളാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. മഴ ശക്തമായതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത്.
ജില്ലയില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്ബൂർമൊഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിറുത്തിയിട്ടുണ്ട്. നാളെ മുുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നിലും പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മോശം കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളിലെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും. അന്തർസംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ മാത്രമാണ് അനുമതി. മരം വീഴുന്നതും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങളും പതിയിരിക്കുന്ന കാലാവസ്ഥയാണിത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സാദ്ധ്യത കാണുന്നിടങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുന്നതാണ് ഉചിതം.