ഡ്രൈവിങ് സ്കൂളുകള്‍ സമരം പിൻവലിച്ചു

ഡ്രൈവിങ് സ്കൂളുകള്‍ സമരം പിൻവലിച്ചു
alternatetext

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകള്‍ നടത്തി വന്ന സമരം പിൻവലിച്ചു. സമരം പിൻവലിച്ചതായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ഡ്രൈവിങ് സ്കൂള്‍ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

ടെസ്റ്റ് പരിഷ്കരിക്കാനുള്ള സർക്കുലർ പിൻവലിക്കില്ല. എന്നാല്‍ സർക്കുലറില്‍ വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ 40 ടെസ്റ്റ് നടത്തും. രണ്ട് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് രണ്ടര ലക്ഷം ലൈസൻസ് മാത്രമാണ് കെട്ടിക്കിടക്കുന്നത്. അത് പരിഹരിക്കും.

ഓരോ ആർടിഒ ഓഫീസിലും എത്ര പെൻഡിങ് കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധിച്ച്‌ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനത്തിന്റെ പഴക്കം 15 വർഷത്തില്‍ നിന്നും 18 വർഷമാക്കി ഉയർത്തി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോഗിക്കാം.

ടെസ്റ്റിന് എം 80 വാഹനം ഉപയോഗിക്കാനാവില്ല. ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി ആറു മാസം കഴിയുമ്ബോള്‍ തീരുമെന്ന ആശങ്ക വേണ്ട. ചെറിയ ഫീസ് നല്‍കി എക്സ്റ്റെൻഡ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് പഠനത്തിനുള്ള ഫീസ് ഏകീകരിക്കുന്നത് പഠിക്കാനായി കമ്മിറ്റിയെ നിയോഗിക്കും.