കോഴിക്കോട്: മലബാറില്‍ പ്ലസ് വണ്‍ സീറ്റില്ലാതെ വിദ്യാർഥികള്‍ നെട്ടോട്ടമോടുമ്ബോള്‍ പത്ത് വിദ്യാർഥികളില്‍ താഴെ മാത്രം പഠിക്കുന്ന ബാച്ചുകളുണ്ട് തെക്കന്‍ ജില്ലകളില്‍. ഇതുള്‍പ്പെടെ 25ല്‍ താഴെ വിദ്യാർഥികളുള്ള 129 ബാച്ചുകളാണ് തെക്കന്‍ ജില്ലകളിലുള്ളത്. മലബാറിലേക്ക് പുതിയ ബാച്ച് അനുവദിക്കാന്‍ തയാറാവാത്ത വിദ്യാഭ്യാസ വകുപ്പ് ഈ ബാച്ചുകളെ മലബാറിലേക്ക് മാറ്റാനും തയാറല്ല.
25 വിദ്യാർഥികളെങ്കിലും ഉണ്ടെങ്കിലേ ഒരു പ്ലസ് വണ്‍ ബാച്ച് നിലനിർത്താവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ 10 വിദ്യാർഥികളില്‍ താഴെ മാത്രം പഠിക്കുന്ന ബാച്ചുകള്‍ പോലും മാറ്റാതെ നിലനിർത്തുകായണ് വിദ്യാഭ്യാസ വകുപ്പ്. സാമുദായിക സംഘടനകളുടെ സമ്മർദവും പ്രാദേശിക വികാരവുമാണ് ബാച്ച് മാറ്റുന്നതില്‍ നിന്ന് സർക്കാരിനെ തടയുന്നത്. അതേസമയം സീറ്റ് പ്രതിസന്ധിയുള്ള മലബാറില്‍ ഒരു ബാച്ചില്‍ 65 വിദ്യാർഥികളെ കുത്തിനിറച്ചാണ് പഠിപ്പിക്കുന്നത്.
ഇവിടെ അനുവദിക്കുന്ന താല്‍ക്കാലിക ബാച്ചുകളില്‍ പഠിപ്പിക്കുന്നതാവട്ടെ താല്‍ക്കാലിക അധ്യാപകരും. മലബാർ ജില്ലകളില്‍ വിദ്യാർഥികളെ കുത്തിനിറയ്ക്കുമ്ബോഴാണ് 10 വിദ്യാർഥികള്‍പോലും ഇല്ലാതെ തെക്കന്‍ ജില്ലകളില്‍ പല ക്ലാസുകളും നടക്കുന്നത്.