കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് ഇ.ഡി ഹൈകോടതിയില്‍. ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്. ഇടപാടില്‍ ഉള്‍പ്പെട്ടത് കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാനും വിവരങ്ങള്‍ മറച്ചുവെക്കാനും ശ്രമമുണ്ടായതായും ഇ.ഡി അറിയിച്ചു.
കേസില്‍ പ്രതികളായ പി.ആർ. അരവിന്ദാക്ഷൻ, പി. സതീഷ് കുമാർ, സി.കെ. ജില്‍സ് എന്നിവർക്ക് ജാമ്യം നല്‍കുന്നത് എതിർത്താണ് ഇ.ഡിക്ക് വേണ്ടി അഡീ. സോളിസിറ്റർ ജനറല്‍ ലക്ഷ്മണ് സുന്ദരേശൻ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.മുഖ്യപ്രതി പി.പി. കിരണ്‍ മുഖേന ഇടനിലക്കാരനായ സതീഷ് കുമാർ അനധികൃത വായ്പയായും മറ്റും 25 കോടിയെങ്കിലും തിരിമറി നടത്തിയിട്ടുള്ളതായി ഇ.ഡി ആരോപിച്ചു.
വ്യാജ രേഖകളുടെയും മറ്റും ഈടിന്മേലാണ് ഈ തട്ടിപ്പുകള്‍ നടത്തിയത്. തന്റെ പക്കല്‍ എത്തിയ തുകയില്‍ 14 കോടിയോളം രൂപ സതീഷ് കുമാർ കൂട്ടുപ്രതികള്‍ക്ക് കൈമാറി. നിയമപരമായി സമ്ബാദിച്ച തുകയല്ലെന്ന പൂർണ അറിവോടെയാണ് മറ്റു പ്രതികള്‍ അത് കൈകാര്യം ചെയ്തത്. ഈ നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാണ്. ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കിരണ്‍, അരവിന്ദാക്ഷൻ, സതീഷ് കുമാർ എന്നിവരാണ് ഈ നിയമവിരുദ്ധ നടപടികളിലെ പ്രധാന ഇടപാടുകാർ. ഇക്കാര്യങ്ങള്‍ക്കെല്ലാം ഇവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്.
കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ഇ.ഡി നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതികള്‍ വാദിച്ചു. എന്നാല്‍, ഇവർ പ്രതികളാകും മുമ്ബ് നല്‍കിയതാണ് ഈ മൊഴികളെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഈ മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കേസ് തെളിയിക്കാനാവുകയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു.
മൊഴികള്‍ മാത്രമല്ല, മറ്റ് തെളിവുകളും രേഖകളുമുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് രേഖകള്‍, വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍, സാക്ഷി ജയരാജന്റെ കത്ത്, ബാങ്കിന്റെയും പ്രതികള്‍ക്ക് ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും ബാലൻസ് ഷീറ്റ്, ആദായനികുതി റിട്ടേണ്‍ തുടങ്ങിയവയെല്ലാം തെളിവുകളായുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു. തുടർന്ന് പ്രതിഭാഗം വാദത്തിനായി ജസ്റ്റിസ് സി.എസ്. ഡയസ് കേസ് ഈ മാസം 29ലേക്ക് മാറ്റി