തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അടുത്ത ദിവസങ്ങളിലും മഴ തുടരും. കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലില്‍ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും അതേസമയം വേനല്‍ മഴയ്‌ക്കൊപ്പം ഇന്ന് കള്ളക്കടല്‍ ഭീഷണിയും കേരള തീരത്ത് പ്രവചിച്ചിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെറ ഭാഗമായി കേരള തീരത്ത് ഇന്ന് (15-05-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.