പാലക്കാട് വെസ്റ്റ് നൈല്‍ പനി മരണം സ്ഥിതീകരിച്ചു

പാലക്കാട് വെസ്റ്റ് നൈല്‍ പനി മരണം സ്ഥിതീകരിച്ചു
alternatetext

പാലക്കാട്: പാലക്കാട് വെസ്റ്റ് നൈല്‍ പനി മരണം സ്ഥിതീകരിച്ചു. കാഞ്ഞിക്കുളം സ്വദേശി 67കാരന്‍ ആണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗപ്പകര്‍ച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.

വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബോധവല്‍‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി