പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവ് കിലോമീറ്ററുകള്‍ അകലെ തൂങ്ങിമരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന്റെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് (ഷിജു) എന്നിവരാണ് മരിച്ചത്.
അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും വിനോദയാത്ര പോയിരിക്കുകയാണ്. ഷിജുവിനെയാണ് വീടിന്റെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചിരുന്നത്. വീട്ടിലെ വളര്‍ത്തുനായയെ പരിചരിക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ വീട്ടില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ഒരു പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഷിജുവിന്റെ മൃതദേഹം.
യുവതിയെ കൊലപ്പെടുത്തിയശേഷം ഷിജു ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്‌ച രാവിലെ വീട്ടുടമ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ ബന്ധുവിനെ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് കഴിഞ്ഞദിവസം പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അന്നൂരിലെ വീട്ടില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടത്.
യുവതിയുടെ മൃതദേഹത്തിനു സമീപം ചോരക്കറകളുണ്ട്. അനിലയുടേതു കൊലപാതകമാണെന്ന് സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു. അനിലയും ഷിജുവും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്ബും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വിലക്കിയിരുന്നതായും സഹോദരന്‍ പറഞ്ഞു.
സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായി പയ്യന്നൂര്‍ ഡിവൈ.എസ്.പി. പ്രമോദ് അറിയിച്ചു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈ.എസ്.പി. പറഞ്ഞു.