കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സുവിഷത്തില്‍ സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
സുനന്ദയുടെ മൃതദേഹം ഡൈനിംഗ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യയാണ് സുനന്ദ. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്. പത്ത് വർഷത്തോളമായി ഇവർ കണ്ണൂരിലാണ് താമസം. നാട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. മൂന്ന് ദിവസം മുമ്ബ് വോട്ട് ചെയ്യാനായി ഇവർ പോയിരുന്നു.
അതിന് ശേഷം ഇവരെ ആരും പുറത്ത് കണ്ടിട്ടില്ല. രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലർ വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ ഫാനും ലൈറ്റുകളുമെല്ലാം ഓണ്‍ ചെയ്ത നിലയിലായിരുന്നു. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.