ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു
alternatetext

ഒമാനിലെ നിസ്‌വയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാർ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഈജിപ്ത് സ്വദേശിനി അമാനിയാണ് മരിച്ച മൂന്നാമത്തെയാള്‍. മലയാളികളായ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്സുമാർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ മസ്‌കത്ത് ഇബ്രി ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നിസ്‌വയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചംഗ സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. നിസ്‌വ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തില്‍ പെട്ടത്.

റോഡിന്‍റെ ഒരു ഭാഗം മുറിച്ച്‌ കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നില്‍ക്കുകയായിരുന്ന ഇവരുടെ മേല്‍ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ ഇടിച്ച്‌ കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.