180- ലധികം ലൈഫ് ഗാര്‍ഡുകളുടെ ശമ്ബളം മുടങ്ങി

180- ലധികം ലൈഫ് ഗാര്‍ഡുകളുടെ ശമ്ബളം മുടങ്ങി
alternatetext

കോവളം: ടൂറിസം വകുപ്പിന്റെ അനാസ്ഥ കാരണം സംസ്ഥാനത്തെ ലൈഫ് ഗാർഡുകള്‍ക്ക് ഏപ്രില്‍ മാസം നല്‍കാനുളള ശമ്ബളം നിലച്ചു. ഇതുകാരണം 180-ല്‍ അധികം ലൈഫ് ഗാർഡുകളുടെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ലൈഫ് ഗാർഡുകളില്‍ ഏറ്റവും കൂടുതല്‍ പേർ കോവളത്തും വർക്കലയിലുമാണ് ഉള്ളത്. തിരുവനന്തപുരത്തെ ടൂറിസം ഡയറക്ടറേറ്റില്‍ നിന്നാണ് എല്ലാ മാസവും ഇവരുടെ ശമ്ബളവുമായി ബന്ധപ്പെട്ട അലോട്ട്മെന്റ് ഫയല്‍ ധനകാര്യ വകുപ്പിലേക്ക് അയയ്ക്കുന്നത്.

എന്നാല്‍, ഈ മാസം ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശമ്ബള അലോട്ട്മെന്റ് ശുപാർശ ഉള്‍പ്പെട്ട ഫയല്‍ ധനകാര്യ വകുപ്പിലേക്ക് അയക്കാൻ വൈകിച്ചതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. സമയബന്ധിതമായി ഫയല്‍ സമർപ്പിക്കാത്തതിനെ തുടർന്ന് ധനകാര്യ വകുപ്പ് പണം അനുവദിച്ചില്ല. ഇതോടെയാണ് ലൈഫ് ഗാർഡുകള്‍ ശമ്ബളം കിട്ടാതെ പ്രതിസന്ധിയിലായത്. ഈ സംഭവം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൂടിവെച്ചതോടെ ടൂറിസം ഡയറക്ടറും ഇക്കാര്യം അറിയാതെ പോയി. എല്ലാ മാസവും 10-ാം തീയതിക്ക് മുൻപാണ് ലൈഫ് ഗാർഡുകള്‍ക്ക് ശമ്ബളം ലഭിക്കുന്നത്.

ഈ മാസം വൈകിയതോടെ കടന്നുപോയ റംസാനും വിഷുവും ഇവർക്കും ആഘോഷിക്കാനായില്ല. പണം കടമെടുത്താണ് ലൈഫ് ഗാർഡുകള്‍ തല്‍ക്കാലം പിടിച്ച്‌ നില്‍ക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് ഇവരുടെ ഡ്യൂട്ടി. ശമ്ബളയിനത്തില്‍ ഒരു ദിവസം 815 രൂപയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു മാസം ഇവർക്ക് 24,900 രൂപയാണ് ലഭിക്കുക. ഇതില്‍ മറ്റിനങ്ങളിലായി 1500 രൂപ കുറവുചെയ്യുന്നതിനെ തുടർന്ന് 23,400 രൂപയാണ് ഓരോ ലൈഫ് ഗാർഡിനും ലഭിക്കുന്നത്. ഈ മാസം അവസാനിക്കാൻ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. തങ്ങളുടെ ശമ്ബളം അതിവേഗം പാസാക്കി നല്‍കണമെന്ന് ഇവർ അധികൃതരോട് ആവശ്യപ്പെടുന്നു.