ലോക്‌സഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിച്ചു.
alternatetext

തിരുവനന്തപുരം: വേനല്‍ചൂടിനെക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ കൈയും മെയ്യും മുറുക്കിയുള്ള മുന്നണികളുടെ ഒന്നരമാസം നീണ്ടുനിന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിച്ചു. കൊട്ടിക്കലാശത്തില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് അദ്ദേഹം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സിഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ആവേശം കൊട്ടിക്കലാശിച്ചു 20 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റേതാണ്. മാസ് സ്‌ക്വാഡ് വര്‍ക്കുകള്‍ക്കും അവസാന വട്ട വോട്ടുറപ്പിക്കലിനുമാണ് നാളത്തെ പകല്‍. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ പൊളിംഗ് ആരംഭിക്കും.

ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്ബടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തുമ്ബോള്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമാണ്. കലാശക്കൊട്ടിനിടെ വിവിധയിടങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

വൈകുന്നേരം ആറുമണിയോടെയാണു പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കുറുകളാണ് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണി പ്രവര്‍ത്തകര്‍ക്കും മുന്നിലുള്ളത്. വ്യാഴാഴ്ച രാവിലെ മുതല്‍ വോട്ടെണ്ണല്‍ സാമഗ്രികളുടെ വിതരണം നടക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.