മോഷണക്കേസല്‍ ആളുമാറി അറസ്റ്റിലായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

മോഷണക്കേസല്‍ ആളുമാറി അറസ്റ്റിലായ യുവാവ് തൂങ്ങിമരിച്ചനിലയില്‍
alternatetext

അഞ്ചല്‍ : മോഷണക്കേസില്‍ ആളുമാറി അറസ്റ്റ് ചെയ്ത് റിമാൻഡില്‍ കഴിയേണ്ടിവന്നതിനെതിരേ നിയമനടപടികള്‍ നടത്തിവന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോലീസിനെതിരേ കോടതിയില്‍ കേസ് നടത്തിവന്ന അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ്ഭവനില്‍ രതീഷിനെ(38)യാണ് വീടിനോടു ചേർന്നുള്ള ഷെഡ്ഡില്‍ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

2014-ല്‍ അഞ്ചലിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍നിന്ന് എട്ടുലക്ഷം രൂപ മോഷണംപോയ സംഭവത്തില്‍ രതീഷിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താനല്ല മോഷ്ടിച്ചതെന്ന് രതീഷ് കേണുപറഞ്ഞിട്ടും പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രതീഷ് അഞ്ചല്‍ പോലീസിനെതിരേ നടത്തിവന്ന കേസില്‍ കോടതിവിധി വരാനിരിക്കെയാണ് മരണം. ബസും ഓട്ടോയും ഓടിച്ച്‌ കുടുംബം പുലർത്തിവരികയായിരുന്നു രതീഷ്. ആളുമാറി അറസ്റ്റ് ചെയ്ത പോലീസ്, കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചിരുന്നെന്ന് രതീഷിന്റെ ഭാര്യ രജനി പറഞ്ഞു. ആരോഗ്യം വഷളായി. പോലീസിനെതിരേ കേസ് നടത്തി സാമ്ബത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത നിലയിലായെന്നും അവർ പറഞ്ഞു. അഞ്ചല്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു.