തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ മൂന്ന് സിഎംആർഎല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ തുടരുന്നു. കമ്ബനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്നു പുലർച്ചെയും തുടരുകയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്. സിഎംആർഎല്‍ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത ഇന്നലെ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ അറിയിച്ച് മറുപടി നല്‍കിയെന്നാണ് വിവരം. അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ഇഡി ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.