ഇടുക്കി/ആലപ്പുഴ: സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം വഴി സ്ത്രീകളെ പരിചയപ്പെടുകയും, തുടർന്ന് പ്രണയം നടിച്ച് അവരുടെ സ്വത്ത് അപഹരിക്കുകയും ചെയ്യുന്ന യുവാവിനെ ആലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തന്നെ കബളിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാന് ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവിനെ പോലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച ശേഷം പെൺകുട്ടികളോട് ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കുകയും, തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയുമാണ് അജിത്തിന്റെ രീതി. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയിൽ നിന്നും ഒന്നര ലക്ഷം രൂപയും, സ്വർണാഭരണങ്ങളുമാണ് അജിത്ത് തട്ടിയെടുത്തത്.
പ്രതിയുടെ പേരിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കൂടുതൽ യുവതികൾ ഇപ്രകാരം സോഷ്യല്‍ മീഡിയ വഴി തട്ടിപ്പിന് ഇരയായിട്ടുണ്ടാവാം എന്ന നിഗമനത്തിൽ പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്.