ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതു

ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതു
alternatetext

ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തത്. ഇ ഡി റെയ്ഡില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും കേസില്‍ തന്റെ അറസ്റ്റ് തടയണമെന്നുമുള്ള കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാനാകില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട്. ഡല്‍ഹി മദ്യനയ കേസില്‍ ഒമ്ബതാം തവണയും സമൻസ് സ്വീകരിക്കാതെ ആയതോടെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ആണ് പ്രധാന ഗൂഢാലോചനക്കാരൻ എന്നാണ് ഇ ഡി വിശേഷിപ്പിച്ചിരുന്നത്.

2021 ലാണ് ഡല്‍ഹിയില്‍ വിവാദമായ മദ്യനയം ആംആദ്മി പാർട്ടി സർക്കാർ രൂപികരിക്കുന്നത്. സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്‌സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എന്നാല്‍ പുതിയ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിനും പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം. പുതിയ നയം അനുസരിച്ച്‌ ഡല്‍ഹിയിലെ ചില്ലറ മദ്യവ്യാപാരത്തില്‍ സർക്കാരിന് ബന്ധമുണ്ടാവില്ല.

849 മദ്യവില്‍പനശാലകള്‍ പുതുതായി തുറക്കുന്നതിനും ഓരോ സോണിനെയും 8-10 വാർഡുകളായി തിരിക്കാനുമായിരുന്നു നിർദ്ദേശം. പുതിയ നയപ്രകാരം മാളുകള്‍, വാണിജ്യ മേഖലകള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയവയില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മദ്യശാലകള്‍ തുറക്കാൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. 2021 മാർച്ച്‌ 22 നാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. തുടർന്ന് അന്തിമ കരട് രൂപം ഡല്‍ഹി ലെഫ്റ്റനന്റ് ഗവർണർ അനില്‍ ബൈജാലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.

ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷന്റെയും (എംസിഡി) അനുമതിക്ക് ശേഷം മാത്രമേ പ്രദേശങ്ങളിലെ മദ്യശാലകള്‍ തുറക്കാൻ കഴിയൂ എന്ന വ്യവസ്ഥയോടെ 2021 നവംബർ 15-ന് ലെഫ്റ്റനൻറ് ഗവർണർ കരട് രൂപം അംഗീകരിച്ചു.

എന്നാല്‍ പിന്നീട് മദ്യനയത്തില്‍ അഴിമതിയുണ്ടെന്ന് കണിച്ച്‌ ലെഫ്റ്റനന്റ് ഗവർണർ സി ബി ഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയ്ക്ക് എതിരെ ആയിരുന്നു ആദ്യത്തെ ആരോപണം ഉയർന്നത്. സിസോദിയയുടെ അടുപ്പക്കാരൻ കൈകാര്യം ചെയ്യുന്ന കമ്ബനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നല്‍കിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

എന്‍റർടൈൻമെന്‍റ് ആൻഡ് ഇവന്‍റ് മാനേജ്മെന്‍റ് കമ്ബനിയായ ഒണ്‍ലി മച്ച്‌ ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്കോ സ്പിരിറ്റ്സിന്റെ ഉടമ അമൻദീപ് ധാല്‍, ഇൻഡോസ്പിരിറ്റ്സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ പുതിയ മദ്യനയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ബഡ്ഡി റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ അമിത് അറോറ. ഗുഡ്ഗാവില്‍ ലിമിറ്റഡ്, ദിനേശ് അറോറയും അർജുൻ പാണ്ഡെയും സിസോദിയയുടെ അടുപ്പക്കാർ ആണെന്നും സിബിഐ ആരോപിച്ചു.

ഇതിനിടെയാണ് കേസില്‍ ഇഡിയും ഇടപെടുന്നത്. ഇതിനിടെ 2022 ജൂലായ് 30 ന് വിവാദ മദ്യനയം ഡല്‍ഹി സർക്കാര് പിൻവലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനായിരുന്നു സർക്കാർ തീരുമാനം. ഇഡി എടുത്ത കേസില്‍ ബിആർഎസ് നേതാവ് കെ കവിതയടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നിരുന്നു. കെ കവിത കെജ്‌രിവാളുമായും എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുമായും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മദ്യ ലോബിക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് നയം ഉണ്ടാക്കിയതെന്നും ഇ ഡി ആരോപിച്ചു.

സൗത്ത് ലോബിയാണ് അഴിമതിക്ക് പിന്നില്‍ എന്നായിരുന്നു ഇ ഡി ആരോപിച്ചത്. ഇതിന് പ്രത്യുപകരമായി 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സൗത്ത് ലോബി നല്‍കിയതായും ഇ ഡി ആരോപിച്ചു. വിജയ് നായർ ഇടയ്ക്കിടെ കെജ്‌രിവാളിന്റെ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും കൂടുതല്‍ സമയവും അവിടെ ചെലവഴിക്കാറുണ്ടായിരുന്നെന്നും ഇ ഡി ആരോപിച്ചു. കെജ്‌രിവാളിനെ കാണാൻ ഇൻഡോസ്പിരിറ്റ് ഉടമ സമീർ മഹേന്ദ്രുവിനെ വിജയ് നായർ പറഞ്ഞയച്ചതായും കൂടിക്കാഴ്ച പരാജയപ്പെട്ടപ്പോള്‍, വിജയ് നായർ വീഡിയോ കോളില്‍ മഹേന്ദ്രുവിനെയും കെജ്‌രിവാളിനെയും വിളിച്ചെന്നും ഇ ഡി പറഞ്ഞു.

കേസില്‍ ഒന്നാം പ്രതിയും ഇപ്പോള്‍ മാപ്പു സാക്ഷിയുമായ രാഘവ് മഗുണ്ട വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി എംപിയായ തന്റെ പിതാവ് മദ്യനയത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ കെജ്‌രിവാളിനെ കണ്ടതായി ഇ ഡിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ സിസോദിയയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി അരവിന്ദ് സിസോദിയയില്‍ നിന്ന് മന്ത്രിമാരുടെ കരട് ഗ്രൂപ്പ് റിപ്പോർട്ട് ലഭിച്ചതായും കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച്‌ നടന്ന യോഗത്തില്‍ സത്യേന്ദർ ജെയിനെയും രേഖകളും കണ്ടതായി അരവിന്ദ് മൊഴി നല്‍കിയിരുന്നു. ഇതിനിടെ സിസോദിയ അടക്കമുള്ളവരെ അറസ്റ്റ് ചെയതു.

2023 മുതല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിന് ഇ ഡി സമൻസ് നല്‍കിയെങ്കിലും അരവിന്ദ് കെജ്‌രിവാള്‍ ഹാജരായില്ല. ഞായറാഴ്ച ഒമ്ബതാമത്തെ സമൻസ് നല്‍കിയതോടെയാണ് കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. കോടതി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം തള്ളിയതോടെയാണ് ഇ ഡി അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

കേസില്‍ ഇ ഡി അറസ്റ്റ് ചെയ്യുന്ന അഞ്ചാമത്തെയാളാണ് അരവിന്ദ് കെജ്‌രിവാള്‍. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ, ബിആർഎസ് നേതാവ് കെ കവിത എന്നിവരെയാണ് ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തത്. ദേശസ്നേഹിയായ അരവിന്ദ് കെജ്‌രിവാള്‍ മോദിയുടെ നീക്കത്തിന് മുന്നില്‍ ഭയപ്പെടില്ല എന്നാണ് അറസ്റ്റിന് പിന്നാലെ എഎപിയുടെ ആദ്യ പ്രതികരണം.