അടിമാലി: ചൊവ്വാഴ്ച വൈകിട്ട് മാങ്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തി, അഭിനേഷിന്റെ ഒരു വയസുള്ള മകൻ തൻവിക്, തേനി സ്വദേശി ഗുണശേഖരൻ, ഈറോഡ് സ്വദേശി പി.കെ.സേതു എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നുമുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വച്ച് ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.