ശബരിമല പ്രക്ഷോഭ കേസുകള്‍ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതി: കെ സുരേന്ദ്രൻ

ശബരിമല പ്രക്ഷോഭ കേസുകള്‍ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതി: കെ സുരേന്ദ്രൻ
alternatetext

തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിന്റെ പേരില്‍ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകള്‍ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

സിഎഎ പ്രതിഷേധ പരിപാടികളില്‍ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിൻ്റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അയല്‍രാജ്യങ്ങളില്‍ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം. രാജ്യത്തിന്റെ പലഭാഗത്തും അത് സംഘർഷങ്ങള്‍ സൃഷ്ടിക്കുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു.

എന്നാല്‍ സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികള്‍ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. നാമം ജപിച്ച കുറ്റത്തിനാണ് ആയിരക്കണക്കിന് അമ്മമാർക്കെതിരെ പോലും പൊലീസ് കേസെടുത്തത്. നിരവധി പേരെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. അയ്യപ്പവിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകള്‍ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർഗീയപ്രീണനമാണ് തുറന്നുകാട്ടുന്നത്.

ഇതിന് കൂട്ടുനില്‍ക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന കോണ്‍ഗ്രസ് എന്താണ് സിഎഎ കേസുകള്‍ക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയാത്തത്? തീവ്രവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കോണ്‍ഗ്രസ് ഈ ഇരട്ടനീതിക്ക് കൂട്ടുനില്‍ക്കുന്നത്.