ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തെക്കുറിച്ച് പഠിച്ച സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോര്‍ട്ട് കൈമാറി. 2029 മുതല്‍ രാജ്യത്തെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് സമിതി കൈമാറിയത്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി ഇതിനോട് ചേര്‍ക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിവയ്ക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ.
ആദ്യഘട്ടത്തില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താമെന്നും രണ്ടാം ഘട്ടമെന്ന നിലയില്‍ 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താമെന്നും സമിതി അതിന്റെ ഒരു ശുപാര്‍ശയില്‍ വ്യക്തമാക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുന്ന സമയത്ത് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിവിധ സമയങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വലിയ പണചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. ദേശീയ താത്പര്യം മുന്‍ നിറുത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.