ന്യൂഡല്‍ഹി: പേടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താക്കളോട് പുതിയ ബാങ്കിലേക്ക് മാറാൻ ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ. മറ്റൊരു ബാങ്കില്‍ നിന്ന് മാർച്ച് 15 നകം പുതിയ ഫാസ്റ്റ് ടാഗ് സ്വീകരിക്കണമെന്നാണ് നിർദേശം നാക്കിയിരിക്കുന്നത്. ഫാസ്റ്റ് ടാഗ് നല്കാൻ അനുമതിയുള്ള അംഗീകൃത ബാങ്കുകളുടെയും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെയും പുതുക്കിയ പട്ടികയും ദേശീയപാത അഥോറിറ്റി പുറത്തുവിട്ടു.
ടോള്‍ പ്ലാസകളില്‍ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നിർദേശമെന്ന് ദേശീയപാത അഥോറിറ്റി പറയുന്നു. നിലവിലെ ഫാസ്റ്റ് ടാഗ് ക്ലോസ് ചെയ്ത് പേടിഎം ബാങ്കിനോട് റീഫണ്ട് ആവശ്യപ്പെടാം. ഫാസ്റ്റ് ടാഗ് നല്കാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ദേശീയപാതാ അഥോറിറ്റി പേടിഎമ്മിനെ ഒഴിവാക്കി. മാർച്ച് 15ന് ശേഷം പേടിഎം ഫാസ്റ്റ് ടാഗ് പ്രവർത്തനരഹിതമാകുമെന്ന് ആർബിഐ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
ആർബിഐ നിർദേശം അനുസരിച്ച് മാർച്ച് 15ന് ശേഷം പേടിഎം വഴി ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാനാവില്ല. ബാലൻസ് ഉണ്ടെങ്കില്‍ 15ന് ശേഷവും ഉപയോഗിക്കാം. കൂടുതല്‍ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ക്ക് അതത് ബാങ്കുകളുമായി ബന്ധപ്പെടാമെന്നും അല്ലെങ്കില്‍ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു