കേരളത്തില്‍ ഇന്ന് വിശുദ്ധ റമദാൻ മാസത്തിന് ആരംഭം

കേരളത്തില്‍ ഇന്ന് വിശുദ്ധ റമദാൻ മാസത്തിന് ആരംഭം
alternatetext

കേരളത്തില്‍ ഇന്ന് വിശുദ്ധ റമദാൻ മാസത്തിന് ആരംഭം. പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ ദൃശ്യമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.

ഇസ്‍ലാം മതവിശ്വാസികള്‍ക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിന രാത്രങ്ങളാണ്. ലോകമെമ്ബാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍.

ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന്‍ നോമ്ബ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ നോമ്ബില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണം, പാനീയങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.

റമദാന്‍ നോമ്ബ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കും . ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ് റമദാന്‍ വ്രതാരംഭത്തിനുള്ള ദിനം കണക്കു കൂട്ടുന്നത്. ഒൻപത് വയസ് കഴിഞ്ഞ എല്ലാവരും റമദാന്‍ വ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. രാവിലത്തെ പ്രാര്‍ഥനയ്‌ക്കുള്ള (സുബ്ഹി) ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണ പാനീയങ്ങള്‍ പാടില്ല. സൂര്യോദയത്തിന് മുമ്ബ് ആരംഭിക്കുന്ന വ്രതം മഗ് രിബ് (വൈകിട്ടത്തെ പ്രാര്‍ഥന) ബാങ്ക് മുഴങ്ങുന്നതോടെയാണ് അവസാനിപ്പിക്കുന്നത്.

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല റമദാന്‍ വ്രതം. പുകവലി, മദ്യപനം എന്നിവയും ഇക്കാലയളവില്‍ ഒഴിവാക്കണം. ഇതിന് പുറമെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മയായ പ്രവൃത്തികള്‍ ചെയ്യാനോ പാടില്ല. മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങളാണ് ഈ പുണ്യകാലം.

റമദാന്‍ നോമ്ബ് പുലര്‍ച്ചെ ആരംഭിക്കുകയും സൂര്യാസ്തമയം വരെ തുടരുകയും ചെയ്യുന്നു. റമദാന്‍ മാസം മുഴുവന്‍ ഇത് പാലിക്കണം. നോമ്ബിന് മുമ്ബുള്ള പ്രഭാതഭക്ഷണത്തെ സുഹൂര്‍ എന്നും സൂര്യാസ്തമയ സമയത്ത് നോമ്ബ് മുറിക്കുന്ന ഭക്ഷണത്തെ ഇഫ്താര്‍ എന്നും വിളിക്കുന്നു. ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ് റമദാന്‍ നോമ്ബിന്റെ ലക്ഷ്യം. നോമ്ബിനോടൊപ്പം ദാനധര്‍മ്മങ്ങള്‍ നടത്തണമെന്നും പറയപ്പെടുന്നു. നോമ്ബ് മുറിക്കുന്ന വേളയില്‍ ഭക്ഷണം പങ്കുവെക്കുകയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഉത്തമമാണ്.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യമുള്ളവര്‍ എന്നിവര്‍ക്ക് റമദാന്‍ നോമ്ബില്‍ നിന്ന് വിട്ടുനില്‍ക്കാം. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ഉപവസിക്കണമെന്നത് നിര്‍ബന്ധമല്ല. അതുപോലെ റമദാന്‍ നോമ്ബ് എടുക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെങ്കിലും അതില്‍ നിന്ന് വിട്ടുനില്‍ക്കാവുന്നതാണ്.