തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഇന്നു നാടിന് സമര്‍പ്പിക്കും

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഇന്നു നാടിന് സമര്‍പ്പിക്കും
alternatetext

തലശേരി: തലശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനം ഇന്ന് . പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. മാര്‍ച്ച്‌ 11 ന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്തെ പ്രത്യേക വേദിയില്‍ ഇതു പൊതുജനങ്ങള്‍ക്ക് കാണാന്‍ ദേശീയ പാത അതോറിറ്റി അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട് സ്പീക്കര്‍ എ.എന്‍ ഷംസീറും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയില്‍ ഉദ്ഘാടന സമയത്ത് പങ്കെടുക്കും.

തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.സമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിന് ശേഷം സ്പീക്കറും മന്ത്രിയും വിശഷ്ടാതിഥികളും കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും. 1000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ട്രയല്‍ റണ്ണിന്റെ ഭാഗമായി ശനിയാഴ്ച്ചയും യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു.പതിനാറുകിലോ മീറ്റര്‍ ദൂരമുളള തലശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പതിനാലുമിനിട്ടുകൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബൈപ്പാസിലൂടെ നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു