അടൂര്‍: തോട്ടത്തിലെ മണ്ണ് നീക്കം ചെയ്യുന്നിടത്ത് വടിവാള്‍ വീശി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പറക്കോട് ഇജാസ് മന്‍സിലില്‍ ഇജാസ്(25), സുബൈര്‍ മന്‍സിലില്‍ അഫ്സല് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചിന് കിളിക്കോട് മലമുരുപ്പ് ഭാഗത്താണ് സംഭവം. വസ്തു ഉടമ മാത്യു രാജനാണ് പരാതിക്കാരന്. മുഖ്യപ്രതിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഷംനാദ് ഒളിവിലാണ്.
പരാതിക്കാരന് വ്യവസായം തുടങ്ങുന്ന ആവശ്യത്തിലേക്കായി സ്വന്തം വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരവേ കാറില്‍ വടിവാളുമായി സ്ഥലത്തെത്തിയ ഷംനാദും ഇജാസും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പണി തടസപ്പെടുത്തുമെന്ന് പറഞ്ഞ് ജോലിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ മാത്യു രാജനെയും ഭീഷണിപ്പെടുത്തി. പിന്നീട്, തിരികെ പോയ ഷംനാദും ഇജാസും അഫ്സലിനെയും കൂട്ടി സ്ഥലത്തെത്തി വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതികള്‍ വന്ന കാറും, സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. ഒളിവില്‍ പോയ ഷംനാദിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി.
ഇജാസും ഷംനാദും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്, ഇജാസ് കാപ്പാ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രാജീവ്, എസ്.ഐമാരായ പ്രശാന്ത്, ശരത്, സി.പി.ഓമാരായ സൂരജ്, ശ്യാം കുമാര്‍, നിസാര്‍ മൊയ്ദീന്, രതീഷ് കുമാര്‍, സനല്‍ കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.