കാറിലെത്തിയസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി

കാറിലെത്തിയസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി
alternatetext

തിരുവനന്തപുരം): കാറിലെത്തിയസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി. സംഘത്തെ പേരൂർക്കട പോലീസ് പിന്തുടർന്ന് പിടികൂടി യുവതിയെ കണ്ടെത്തി നാലുപേരെ അറസ്റ്റുചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ പോലീസുകാരനായതിനാല്‍ സംഭവത്തെക്കുറിച്ച്‌ പറയാൻ പേരൂർക്കട പോലീസ് തയ്യാറായില്ല.പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശിയായ എ.ആർ.ക്യാമ്ബിലെ പോലീസുകാരൻ സുധീർ, പരശുവയ്ക്കല്‍ സ്വദേശികളായ ശ്യാം, കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ഷാജി, വഴുതക്കാട് പൗണ്ട് കോളനി സ്വദേശിനി ഷീജ എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ മണ്ണാമ്മൂല-പേരൂർക്കട റോഡില്‍ ഗാന്ധിനഗർ അസോസിയേഷനിലാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന 40 വയസ്സുള്ള യുവതിയെയാണ് കാറിലെത്തിയ യുവതിയും മൂന്ന് യുവാക്കളുംചേർന്ന് കടത്തിക്കൊണ്ടുപോയത്. വീട്ടില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് സംഘം യുവതിയെ കാറില്‍ കയറ്റി കടന്നത്. പിടിയിലായ സുധീർ പോലീസ് വേഷത്തിലായിരുന്നു.നെടുമങ്ങാട് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കാറില്‍ കയറ്റിയത്.

യുവതിയുടെ അമ്മയുടെ പരാതിയിന്മേല്‍ പേരൂർക്കട പോലീസ് ഉടൻതന്നെ അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടു പോയവരെത്തിയ കാറിലെ ജി.പി.എസ്. സംവിധാനത്തെ പിന്തുടർന്ന് പോലീസ് കളിയിക്കാവിള അതിർത്തിയില്‍വെച്ച്‌ കാർ കണ്ടെത്തിയെങ്കിലും യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് കാറിലുള്ളവരെ കസ്റ്റഡിയിലെടുത്തശേഷം നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ പാറശ്ശാലയ്ക്കുസമീപം മറ്റൊരു കാറില്‍നിന്നും യുവതിയെ കണ്ടെത്തി. പിടിയിലായവരെയും യുവതിയെയും പേരൂർക്കട സ്റ്റേഷനില്‍ എത്തിച്ചശേഷം യുവതിയെ വീട്ടുകാർക്കൊപ്പം അയച്ചു.

പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതോടെ പ്രതികളിലൊരാളായ പോലീസുകാരനായ സുധീറിന് തളർച്ച അനുഭവപ്പെട്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബാക്കി മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സുധീറിന്റെ മെഡിക്കല്‍ റിപ്പോർട്ട് പോലീസ് നല്‍കിയതിനാല്‍ ജഡ്ജി ശനിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി റിമാൻഡ് രേഖപ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍, പ്രതിയായ സുധീറിനെ രക്ഷപ്പെടുത്താൻ പേരൂർക്കട പോലീസ് ശ്രമിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്