കൊച്ചി: കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ സംഘർഷത്തില്‍ അറസ്റ്റ് ചെയ്ത മാത്യു കുഴല്നാടൻ എം.എല്‍.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം. കേസ് കോടതി രാവിലെ വീണ്ടും പരിഗണിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് വിവരം. കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട വിഷയത്തില്‍ മാത്യു കുഴല്നാടൻ എം.എല്‍.എയുടേയും എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം ഏഴുമണിയോടെ ആരംഭിച്ചിരുന്നു. സമരപ്പന്തലില്‍ നിന്നാണ് മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്.
കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്യുകുഴല്‍നാടനെതിരേ ചുമത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടൻ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്.
അതേസമയം കോതമംഗലത്ത് സമരത്തിനിടെ പ്രകോപനമുണ്ടാക്കിയത് പോലീസെന്ന് മാത്യു കുഴല്നാടൻ എംഎല്‍എ. മറ്റു വിഷയങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാമ്യത്തിലറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെ പറഞ്ഞത്. നിയമപരമായി മുന്നോട്ട് പോകും. പോലീസ് ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്കു പരിക്കേറ്റുവെന്നും കുഴല്നാടൻ കൂട്ടിച്ചേർത്തു. ഭയപ്പെടുത്താനാകില്ലെന്നും സമരവുമായി മുന്നോട് പോകുമെന്ന് മുഹമ്മദ് ഷിയാസും പ്രതികരിച്ചു.
മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.