ആലപ്പുഴ: വിദേശത്ത് ജോലിയുള്ള ആലപ്പുഴ മാന്നാർ സ്വദേശിയെയാണ് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ മലപ്പുറം ഏറനാട് കാവന്നൂർ സ്വദേശികളായ ഒന്നാംവാർഡിൽ എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല, ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ്, 12-ാം വാർഡിൽ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് എന്നിവർ ചേർന്ന് കബളിപ്പിച്ച് 2.67കോടി രൂപ തട്ടിയെടുത്തത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മൂവരേയും അറസ്റ്റുചെയ്തു. പരാതിക്കാരനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ വ്യാപാരം നടത്തി വൻലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുനൽകി. ആ ലിങ്ക് വഴി വെർച്വൽ അക്കൗണ്ടു തുടങ്ങിയ പരാതിക്കാരൻ ആദ്യം നിക്ഷേപിച്ച 50,000 രൂപ 15 ദിവസം കൊണ്ട് വെർച്വൽ അക്കൗണ്ടിൽ 65,000 രൂപയായി. അതോടെ പ്രതികളിൽ വിശ്വാസം ആർജിച്ച പരാതിക്കാരൻ 26പ്രാവശ്യമായിട്ടാണ് 2.67 കോടി നിക്ഷേപിച്ചത്.
നിക്ഷേപിച്ച പണംവെർച്വൽ അക്കൗണ്ടിൽ ഒൻപതുകോടി ആയപ്പോൾ പണം പിൻവലിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതികളിൽ നിന്നും പ്രതികരണമുണ്ടായില്ലെന്നു മാത്രമല്ല ട്രേഡിങ് നടത്തിയ സൈറ്റും, വാട്സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാർ ഉപേക്ഷിച്ചു. ഇതിനെത്തുടർന്നാണ് സൈബർ പോലീസിനെ സമീപിച്ച് പരാതി നൽകിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾത്തന്നെ നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറുന്നതായിരുന്നു പ്രതികളുടെ രീതി. കോഴിക്കോട് കേന്ദ്രമാക്കിയിട്ടുള്ള സംഘങ്ങളാണ് ഇതിനു പിന്നിലെന്നു പോലീസ് പറയുന്നു.
സൈബർ തട്ടിപ്പിൽ പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിച്ചാൽ പണം തിരിച്ചുകിട്ടാൻ പോലീസ് നിങ്ങളെ സഹായിക്കും